District News
അങ്കമാലി: സിബിഎസ്ഇ ദക്ഷിണ മേഖലാ നീന്തല് മത്സരത്തില് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂള് 273 പോയിന്റോടെ ഓവറോള് കിരീടം നേടി. എട്ട് സ്വര്ണവും ആറ് വെള്ളിയും 14 വെങ്കല മെഡലുകളും നേടി പെണ്കുട്ടികളുടെ വിഭാഗത്തില് ചാമ്പ്യന്ഷിപ്പും ആണ്കുട്ടികളുടെ വിഭാഗത്തില് രണ്ടാംസ്ഥാനവും വിശ്വജ്യോതി കരസ്ഥമാക്കി.
മാള ഡോ. രാജു ഡേവിസ് ഇന്റര്നാഷണല് സ്കൂളില് നടന്ന മത്സരത്തില് വിശ്വജ്യോതിയില്നിന്ന് 17 പെണ്കുട്ടികളും 18 ആണ്കുട്ടികളുമാണ് പങ്കെടുത്തത്. കേരളം, കര്ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില് നിന്നായി 700 സിബിഎസ്ഇ സ്കൂളുകളിലെ കുട്ടികള് പങ്കെടുത്തു. വിജയികളെയും പരിശീലകന് കെ. അനില്കുമാറിനെയും സ്കൂള് മാനേജര് ഫാ. ഐസക് തറയില്, പ്രിന്സിപ്പല് ഫാ. ജെയ്സണ് പരപ്പിള്ളി, വൈസ് പ്രിന്സിപ്പല് ഷാലി ജോസ് എന്നിവര് അനുമോദിച്ചു.
Kerala
മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സോൺ 2 സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.
പെൺകുട്ടികളുടെ വിഭാഗത്തിലെ 60 ഇനങ്ങൾ പൂർത്തിയായപ്പോഴാണ് 107 പോയിന്റുമായി വിശ്വജ്യോതി പബ്ലിക് സ്കൂൾ മുന്നിട്ടുനിൽക്കുന്നത്.
97 പോയിന്റുമായി ബംഗളൂരു കൊമ്പാപുര ജെയിൻ ഹെറിറ്റേജ് സ്കൂൾ രണ്ടാം സ്ഥാനത്തും 77 പോയിന്റുമായി ബംഗളൂരു വൊന്നപ്പെണ്ണു ഡൽഹി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
അണ്ടർ 11 ഗേൾസ് വിഭാഗത്തിൽ ബംഗളൂരു സൗന്ദര്യ സെൻട്രൽ സ്കൂളിലെ എസ്. പവനി വ്യക്തിഗത ചാമ്പ്യനായി. 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മെഡ്ലേ ഇനങ്ങളിൽ ഒന്നാം സ്ഥാനംനേടിയ മികച്ച പ്രകടനമാണ് പവനിക്കു വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്.
District News
ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ. നവീകരിച്ച രാജാകേശവദാസ് നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നും അതിനായി അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. പൂളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് കുഴൽക്കിണർ സ്ഥാപിക്കുന്നതിന് സിഎസ്ആർഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നീന്തൽ താരങ്ങളുടെ പ്രദർശനമത്സരം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിംഗ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ് കുര്യൻ ജയിംസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. ജയമോഹൻ, ഗ്രിസിൽഡ സേവ്യർ, പി.എസ്. ബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.പി. റോയ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡോ.സി.വി. ബിജിലാൽ, സ്വിമ്മിംഗ് ചീഫ് കോച്ച് ഉണ്ണികൃഷ്ണൻ, റോവിംഗ് പരിശീലകരായ ബിനു കുര്യൻ, എൽബിസൺ തമ്പി, അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായ സുജിത്ത്, അജയൻ എന്നിവർ പങ്കെടുത്തു.
Todays Story
രണ്ടുമാസത്തെ അവധിക്കാലം തുടങ്ങുകയായി. ഇനി കളിച്ചു തിമിർത്തു നടക്കുന്ന സമയം. കുളത്തിലും പുഴയിലും ഒക്കെ നീന്തൽ അറിയില്ലെങ്കിലും ഇറങ്ങാൻ വെമ്പുന്ന കാലം.
നീന്തൽ അറിയാത്തതുകൊണ്ട് നിലയില്ലാ വെള്ളത്തിലേക്ക് ആണ്ടു പോയി ജലംകൊണ്ട് മുറിവേറ്റവർ നിരവധി. നീന്തൽ പഠിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും ശീലവും ആക്കേണ്ട കാലം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഗൾഫിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾ നിർബന്ധമായും തെരഞ്ഞെടുത്ത പരിശീലനം നേടേണ്ട രണ്ട് സംഭവങ്ങളുണ്ട്. ഒന്നു നീന്തൽ രണ്ട് ഫുട്ബോൾ.
ഇതിൽ ഏതെങ്കിലും ഒരെണ്ണം കുട്ടികൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് സ്കൂളിൽ ചേരുമ്പോൾ തന്നെ അധികൃതർ പറയാറുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ ഈ നിബന്ധന ഇല്ലെങ്കിലും കുട്ടികൾ നിർബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് പറയുന്ന ഒരാളുണ്ട്.
തൃശൂർ ജില്ലയിലെ ആളൂർ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാൽ മൂത്തേടത്ത്. എം. എസ്. ഹരിലാൽ വലിയ അപകടങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് പേര് രക്ഷിച്ചിരിക്കുന്നത്.
നീന്തൽ അറിയാത്തതുമൂലം സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ നീന്തൽ സാക്ഷരരാക്കി മാറ്റിയ ഹരിലാൽ മാഷ് ചെയ്ത കാര്യം നിറഞ്ഞ നന്ദിയോടെ മാത്രമേ വിവരിക്കാനാകൂ.
വർഷങ്ങളായി നിരവധി ആളുകളെയും നീന്തൽ പഠിപ്പിക്കുക എന്ന ദൗത്യം ആവേശം ഒട്ടും കുറയാതെ ഏറ്റെടുത്ത് മുന്നോട്ടു നീന്തി കുതിക്കുകയാണ് ഹരിലാൽ.
Special News
വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ വൈക്കം ബോട്ട് ജെട്ടിയിലേക്ക് നീന്തിക്കയറിയപ്പോള് എട്ടു വയസുകാരന് കെ.എസ്. സാവന് കൃഷ്ണ നിറഞ്ഞ ആവേശത്തിലായിരുന്നു. പെരിയാറിനു കുറുകെ വിജയകരമായി നീന്തിക്കടന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന് കൃഷ്ണ നീന്താനിറങ്ങിയത്.
വേമ്പനാട് കായലില് ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് സാവന് നീന്തിക്കയറിയത്.
മകന്റെ ഇഷ്ടം അറിഞ്ഞ്....
എറണാകുളം പച്ചാളം കരുവേലിപ്പറമ്പില് കെ.ആര്. സജിത് കുമാര്-ശ്രുതി ദമ്പതികളുടെ മകനായ സാവന് കൃഷ്ണയ്ക്ക് തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള് തന്നെ പുഴയും കടലുമൊക്കെ കാണുന്നത് ഇഷ്ടമായിരുന്നു.
മാതാപിതാക്കള്ക്കൊപ്പം ബീച്ചില് പോകുമ്പോള് കൊച്ചു സാവന് അച്ഛന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും. കാലിലേക്ക് തിര അടിച്ചു കയറുമ്പോഴെല്ലാം വളരെ സന്തോഷത്തോടെ ആ കുഞ്ഞ് കൈക്കൊട്ടിച്ചിരിക്കുമായിരുന്നു.
കഴിഞ്ഞ വര്ഷം സജിത്ത് തന്നെയാണ് മകനോട് നീന്തല് പഠിക്കുന്ന കാര്യം സൂചിപ്പിച്ചത്. സമീപത്തുള്ള കുട്ടികള് ആലുവയില് നീന്തല് പഠിക്കാന് പോകുമായിരുന്നു. അങ്ങനെയാണ് സജി വാളശേരിയുടെ ശിക്ഷണത്തില് സാവന് നീന്തല് പഠിക്കാന് ചേര്ന്നത്.
ആദ്യ ദിനങ്ങളിലൊക്കെ ചെറിയ പേടി കാണിച്ചെങ്കിലും പേടി മാറ്റാനായി സജിത്തും മകനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി. കുറഞ്ഞ സമയത്തിനകം തന്നെ സാവന് നീന്തല് പഠിച്ചു തുടങ്ങി.
എന്നും രാവിലെ അഞ്ചരയ്ക്ക് സജിത്ത് മകനെ ആലുവ മണപ്പുറം ദേശം കടവിലെത്തിക്കും. വ്യായാമത്തിനുശേഷം ആറു മുതല് എട്ടര വരെ നീന്തല് പരിശീലനം.
അതുകഴിഞ്ഞ് പച്ചാളത്തെ വീട്ടിലെത്തി സ്കൂളിലേക്ക് പോകും. പൊറ്റക്കുഴി തെരേസ സ്പിനെല്ലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്ഥിയാണ് സാവന് കൃഷ്ണ.
വാളശേരി റിവര് സ്വിമ്മിംഗ് ക്ലബിന്റെ നേതൃത്വത്തില് കഴിഞ്ഞ മേയ് 17ന് ആലുവ പെരിയാറിനു കുറുകെ 780 മീറ്റര് സാവന് കൃഷ്ണ വിജയകരമായി നീന്തിക്കടന്നിരുന്നു.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കോതമംഗലം : 63 വയസിൽ വേമ്പനാട്ടുകായൽ നീന്തി കയറി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോതമംഗലം സ്വദേശിനി റൂബി മത്തായി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേർത്തല കുമ്പേൽ കടവിൽ നിന്നും ഒമ്പതു കിലോമീറ്റർ അതിസാഹസികമായി നീന്തി കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലെത്തിയാണ് ഇവർ റിക്കാർഡിട്ടത്.
അതിശക്തമായ ഒഴുക്കും തിരമാലകളും പല ഘട്ടത്തിലും റൂബിയുടെ റിക്കാർഡിന് തടസം സൃഷ്ടിച്ചുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നേട്ടം കൈവരിക്കുകയായിരുന്നു. വേമ്പനാട്ട് കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി മത്തായി. രാവിലെ 7. 13ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ ചീഫ് മാനേജർ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
9.20 ന് രണ്ടു മണിക്കൂർ ഏഴു മിനിറ്റ് കൊണ്ട് റൂബി വൈക്കം ബീച്ചിൽ നീന്തി കയറി. ഡോൾഫിൻ ക്ലബിൽ നീന്തൽ പഠിക്കുവാൻ എത്തി പരിശീലനം പൂർത്തിയാക്കിയ റൂബിയുടെ മികവ് കണ്ട് കോച്ച് ബിജു തങ്കപ്പനാണ്. റൂബിയുടെ മനോധൈര്യം മനസിലാക്കിയ ഭർത്താവ് മത്തായിയും മക്കളായ ബാസിൽ മാത്യു (ഖത്തർ) മകൾ ബ്ലെസി (ബംഗളൂർ) എന്നിവർ അമ്മയ്ക്ക് പൂർണ പിന്തുണയുമായി എത്തി.
ഭർത്താവ് എം.എം.മത്തായി വിദേശത്തു നിന്നും നാട്ടിൽ എത്തി ഭാര്യയുടെ ഈ സഹസിക നീന്തലിൽ ഫുൾ സപ്പോർട്ട് ചെയ്തു. അതിശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ നീന്തിയാണ് റൂബി ആറു മാസം പരിശീലനം നേടിയത്.
വൈക്കം ബീച്ചിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗര സഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു.
International
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി മാറിയിരിക്കുകയാണ്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു(12), ഗ്രേസ്(എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കാറ്റും കോളും നിറഞ്ഞ, ആക്രമണകാരികളായ ഭീമൻ സ്രാവുകളുടെ വിഹാരകേന്ദ്രമായ കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി. നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു. രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്.
ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തുന്പോൾ മൂന്നുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. തീർത്തും അവശരായിരുന്നെങ്കിലും മൂന്നുപേർക്കും നീന്തൽ വശമായിരുന്നതും രക്ഷയായി. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Kerala
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 11 കിലോമീറ്റർ നീന്തിക്കടന്ന് റിക്കാർഡിട്ട് ഏഴാം ക്ലാസുകാരൻ.
പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കാശിനാഥ് രാജീവ് ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കരിയിൽ കടവു മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം നീന്തിയാണ് റിക്കാർഡ് സ്ഥാപിച്ചത്.
ഇന്നലെ രാവിലെ 7.25ന് ആരംഭിച്ച നീന്തൽ 9.46ന് വൈക്കം ബീച്ചിൽ എത്തിച്ചേർന്നു. 2.21 മണിക്കൂർ കൊണ്ടാണ് കാശിനാഥ് നീന്തിക്കയറിയത്.
കോതമംഗലം അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറ്റിലായിരുന്നു കാശിനാഥിന്റെ പരിശീലനം. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.പി. അൻസിലും ചേർന്നു നടത്തുന്ന 32-ാമത്തെ വേൾഡ് റിക്കാർഡിനുവേണ്ടിയുള്ള സാഹസിക നീന്തലായിരുന്നു.
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മെംബർ പഞ്ചായത്ത് അംഗം പി. രജിത ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്- പ്രസീജ ദമ്പതികളുടെ മകനാണ് കാശിനാഥ്.
Sports
കൊച്ചി: ആയാസമുള്ളതിനെ അനായാസം കീഴടക്കുന്നതിലെ ത്രിൽ ഒന്നു വേറെ തന്നെ. ആ ത്രില്ലിനെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ഈ ഐആര്എസ് ഉദ്യോഗസ്ഥന്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിലൊന്നായ മലേഷ്യന് ട്രയാത്തലണ് നിശ്ചിതസമയത്തിനുള്ളില് പൂര്ത്തിയാക്കിയ ഇദ്ദേഹത്തിന് മലേഷ്യന് അയണ്മാന് പട്ടം സ്വന്തം. കൊച്ചിയിലെ ജിഎസ്ടി ആന്ഡ് കസ്റ്റംസ് അഡീ. കമ്മീഷണര് ജോമി ജേക്കബാണ് അപൂര്വനേട്ടം തന്റെ പേരിലാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് 607 പേര് പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
മലഞ്ചെരിവിലൂടെ സൈക്കിളിൽ
കടലിലും മലഞ്ചെരിവിലും റോഡിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ട്രയാത്തലണ് പൂര്ത്തിയാക്കിയത്. കടലില് 3.8 കിലോമീറ്റര് നീന്തല്, 180 കിലോമീറ്റര് മലഞ്ചെരുവിലൂടെ സൈക്കിളിംഗ്, 42.2 കിലോമീറ്റര് ഫുള് മാരത്തണ് എന്നിവയായിരുന്നു മലേഷ്യന് അയണ്മാന് കിരീടനേട്ടത്തിലേക്കുള്ള കഠിനവഴികള്. ഇത്രയും 17 മണിക്കൂറിനുള്ളിലാണ് പൂര്ത്തിയാക്കേണ്ടത്. എന്നാല്, ജോമിക്ക് ഇതിനു വേണ്ടിവന്നത് 14.19 മണിക്കൂര് മാത്രം. മലേഷ്യന് ട്രയാത്തലണ് കേരളത്തില്നിന്നുള്ള മത്സരാര്ഥി ജോമി മാത്രമായിരുന്നു. നിശ്ചിത സമയത്തിനുള്ളില് പൂര്ത്തിയാക്കിയത് 705ല് 35 പേരാണ്.
മൂന്നു മാസം പെരിയാറിൽ
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ലങ്കാവിയില് നടന്ന ട്രയാത്തലണിലേക്കെത്തിച്ചത്. നേരത്തെ ഡെന്മാര്ക്കില് നടന്ന ട്രയാത്തലണിലും മത്സരിച്ചു കോപ്പന്ഹേഗന് അയണ്മാന് പട്ടം നേടിയിട്ടുണ്ട്. മൂന്നു മാസത്തോളം പെരിയാറിലും പുതുവൈപ്പിലെ കടലിലും കൂടാതെ, സൈക്കിളിംഗിലും തീവ്രപരിശീലനം പൂര്ത്തിയാക്കിയാണ് മലേഷ്യയിലേക്കു തിരിച്ചത്. റാന്നി സ്വദേശിയായ ജോമി കൊച്ചി കാക്കനാടാണ് സ്ഥിരതാമസം. ഡോ. അനു ഉണ്ണിയാണു ഭാര്യ. ജോ ആനും ജോര്ദനും മക്കളാണ്.
യൂറോപ്പിലെ അയണ്മാന് മത്സരങ്ങളേക്കാള് കഠിനമാണ് മലേഷ്യയിലേതെന്നു ജോമി പറയുന്നു. കഠിനപരിശീലനവും നിശ്ചയദാര്ഢ്യവും ലക്ഷ്യബോധവും കൃത്യമെങ്കില് അസാധ്യമെന്നു കരുതുന്നതു പലതും നേടിയെടുക്കാമെന്നും അദ്ദേഹത്തിന്റെ ഓര്മപ്പെടുത്തല്.
District News
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ലോകറിക്കാർഡ് ലക്ഷ്യമാക്കി നാളെ വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.
കഴിഞ്ഞ മധ്യവേനലവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
Leader Page
അശ്രദ്ധ, അറിവില്ലായ്മ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയെല്ലാം മുങ്ങിമരണ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നു. എന്നിരുന്നാലും, ഈ മരണങ്ങൾ തടയാൻ സാധിക്കുന്നവയാണ്. നീന്തൽ പരിശീലനം, ജലസുരക്ഷാ അവബോധം, ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങൾ, ഒപ്പം സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ മുങ്ങിമരണങ്ങൾക്ക് അറുതിവരുത്താൻ സാധിക്കും.
ഞെട്ടിക്കുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 2,36,000 പേർ മുങ്ങിമരിക്കുന്നുണ്ട്. ഒന്നു മുതൽ നാലു വരെ വയസുള്ള കുട്ടികളിലാണു മുങ്ങിമരണനിരക്ക് ഏറ്റവും കൂടുതൽ. ഇന്ത്യയുടെ കാര്യമെടുത്താൽ, ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 30,000ത്തിലധികം ആളുകളാണു മുങ്ങിമരിക്കുന്നത്.
കേരളം ജലസമൃദ്ധമായ ഒരു സംസ്ഥാനമായിട്ടും മുങ്ങിമരണങ്ങൾ വലിയ പ്രശ്നമാണ്. 500ലധികം ആളുകൾ ഓരോ വർഷവും കേരളത്തിൽ മുങ്ങിമരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികളും യുവാക്കളുമാണു കൂടുതൽ ഇരയാകുന്നത്. പുഴകൾ, കുളങ്ങൾ, കടൽ, കായലുകൾ, വെള്ളക്കെട്ടുകൾ എന്നിവയെല്ലാം അപകടമേഖലകളായി മാറുന്നു.
എത്രത്തോളം നീന്താനറിയാം
നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണു പലരും ജലാശയങ്ങളിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നതു പ്രധാനമാണ്. ആഴം കുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തി ശീലിച്ചവർക്കു പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചെളിയും അതിജീവിക്കാനാവില്ല. ഇത്തരത്തിൽ നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അപകടം ഇരട്ടിയാകും.
പരിചയമില്ലാത്ത കടവുകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. അതിസാഹസികത കാട്ടാനുള്ള സ്ഥലങ്ങളല്ല ജലാശയങ്ങൾ. പുല്ലുവളര്ന്നു നില്ക്കുന്ന വെള്ളക്കെട്ടുകള്ക്ക് ആഴം കുറവാകുമെന്നു കരുതി അപകടത്തില്പ്പെടുന്നവരേറെയാണ്. നീന്തൽ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ പുഴകളിലും മറ്റും ഇറങ്ങാൻ പാടുള്ളൂ. വേലിയേറ്റവും ഇറക്കവും അനുസരിച്ച് കടലിലെയും പുഴകളിലെയും ഒഴുക്കിനു ജലനിരപ്പിനും വ്യത്യാസമുണ്ടാകും. ഇതൊന്നുമറിയാതെ വെള്ളത്തിലിറങ്ങുന്നവർ അപകടം ക്ഷണിച്ചുവരുത്തും.
സ്കൂളുകളിൽ വേണം നീന്തൽ പരിശീലനം
കുട്ടികൾക്കു ചെറുപ്പത്തിലേ നീന്തൽ പരിശീലനം നൽകുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ജലത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സഹായിക്കും. ഇത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ ഒരു പരിധിവരെ തടയും. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ളവർക്കാണ് പരിശീലനം നൽകേണ്ടത്. എന്നാൽ, പല സ്കൂളുകൾക്കും നീന്തൽ പഠിപ്പിക്കാൻ ആവശ്യമായ സംവിധാനം ക്രമീകരിക്കാൻ കഴിയുന്നില്ല.
നീന്തൽ പരിശീലനം കാര്യക്ഷമമായാൽ ജലസുരക്ഷയെക്കുറിച്ചു കുട്ടികളിൽ അവബോധമുണ്ടാക്കാനും അതുവഴി ജലാശയ അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. നീന്തൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ പരിപാടികൾ നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പ്രസ്താവിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതികളിൽ നൂതന നീന്തൽ പരിശീലന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു മറ്റൊരു അവകാശവാദം. എന്നാൽ, ഇതിലെ കാര്യക്ഷമത പരിശോധിക്കുന്നുമില്ല. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാനാണ് നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നീന്തൽ പഠനത്തിന് ഫണ്ടില്ല
നീന്തല് പരിശീലനം സ്കൂള് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തണമെന്നു നിര്ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവിട്ടത് 2022 ഫെബ്രുവരിയിലാണ്. എന്നാല്, പല സ്കൂളുകളില് എവിടെയും പഠനം നടക്കുന്നില്ല. പഠനത്തിനു ചെലവാക്കേണ്ട തുക, നീന്തല് പരിശീലകരെ കണ്ടെത്താന് സാധിക്കാത്ത പ്രശ്നം തുടങ്ങിയവയാണ് പദ്ധതി നിലയ്ക്കാന് കാരണം. 2022 വരെ നീന്തലിനു രണ്ട് ശതമാനം ഗ്രേസ് മാര്ക്ക് ലഭിച്ചിരുന്നു.
എന്നാല്, കഴിഞ്ഞ മൂന്നുവര്ഷമായി ഇതു ലഭിക്കാറില്ല. ഗ്രേസ് മാര്ക്ക് നഷ്ടപ്പെടേണ്ട എന്ന കാരണത്താല് രക്ഷിതാക്കള്തന്നെ മുന്നിട്ടിറങ്ങി വിദ്യാര്ഥികളെ നീന്തല് പരിശീലിപ്പിച്ചിരുന്നു. എന്നാല്, ഇതു നിര്ത്തലാക്കിയതോടെ നീന്തല് പഠനവും അവസാനിച്ചു. ബിആര്സി, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തില് വിരലില് എണ്ണാവുന്ന സ്കൂളുകളിലാണ് പരിശീലനങ്ങള് നടന്നിരുന്നത്. സ്കൂളുകള്ക്ക് സര്ക്കാര് ഫണ്ട് അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു പല വിദ്യാലയങ്ങള്ക്കും ലഭിച്ചിട്ടില്ല.
നീന്തൽ പഠിക്കാം, ജീവിതം സുരക്ഷിതമാക്കാം
നീന്തൽ പഠനം ഒരു അടിസ്ഥാന കഴിവായി മാറുകയും ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികൾ, കുടുംബങ്ങൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എന്നിവരെല്ലാം ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
ഓരോ ജീവനും അമൂല്യമാണ്, അതു രക്ഷിക്കാൻ നമുക്കു കൈകോർക്കാം. ജലത്തെ ഭയക്കാതെ, ജലത്തെ അറിഞ്ഞ് സുരക്ഷിതമായി ജീവിക്കാൻ നമുക്കു പഠിക്കാം. നീന്തൽ വെറുമൊരു വിനോദമല്ല, അതൊരു അതിജീവന മാർഗം കൂടിയാണ്. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒരത്യാവശ്യ കഴിവാണ് നീന്തൽ.
നീന്തൽ പഠിക്കേണ്ടതിന്റെ 20 കാരണങ്ങൾ
♦ ജീവന്റെ സുരക്ഷ: വെള്ളത്തിൽ മുങ്ങിപ്പോകുന്നത് തടയാനും മറ്റുള്ളവരെ രക്ഷിക്കാനും നീന്തൽ സഹായിക്കും.
♦ ആത്മവിശ്വാസം വർധിക്കുന്നു: നീന്തൽ പഠിക്കുന്നതിലൂടെ ആത്മവിശ്വാസം കൂടുകയും ഏതു സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും.
♦ ശാരീരിക ആരോഗ്യം: നീന്തൽ ഒരു മികച്ച വ്യായാമമാണ്. ഇതു പേശികളെ ബലപ്പെടുത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
♦ സന്ധിവേദന കുറയ്ക്കുന്നു: സന്ധികൾക്ക് അധികം ആയാസമില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണിത്.
♦ മാനസികാരോഗ്യം: നീന്തൽ സമ്മർദം കുറയ്ക്കാനും മാനസികോല്ലാസം നൽകാനും സഹായിക്കും.
♦ ഊർജം വർധിപ്പിക്കുന്നു: പതിവായ നീന്തൽ ശരീരത്തിനു കൂടുതൽ ഊർജസ്വലത നൽകുന്നു.
♦ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഒരു മികച്ച കലോറി ബേണിംഗ് വ്യായാമമാണിത്.
♦ പ്രതിരോധശേഷി കൂട്ടുന്നു: ഇതു ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
♦ എല്ലാ പ്രായക്കാർക്കും അനുയോജ്യം: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമമാണിത്.
♦ മറ്റ് ജലവിനോദങ്ങൾക്ക്: ബോട്ടിംഗ്, സർഫിംഗ്, ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ നീന്തൽ അറിഞ്ഞിരിക്കണം.
♦ അപകടങ്ങൾ ഒഴിവാക്കാൻ: വെള്ളവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ഇത് അത്യാവശ്യമാണ്.
♦ യാത്രാവേളകളിൽ സുരക്ഷ: കായലുകളിലോ പുഴകളിലോ കടലിലോ യാത്ര ചെയ്യുമ്പോൾ നീന്തൽ അറിഞ്ഞിരിക്കുന്നതു സഹായകമാകും.
♦ വേനൽക്കാല വിനോദം: ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നൽകാനും നീന്തൽ സഹായിക്കും.
♦ ശരീരത്തിന്റെ വഴക്കം കൂട്ടുന്നു: നീന്തൽ ശരീരത്തിനു നല്ല വഴക്കം നൽകുന്നു.
♦ പേശികൾക്ക് ബലം: എല്ലാ പ്രധാന പേശികൾക്കും ഒരുപോലെ വ്യായാമം ലഭിക്കുന്നു.
♦ അച്ചടക്കം പഠിപ്പിക്കുന്നു: നീന്തൽ പരിശീലനം ക്ഷമയും അച്ചടക്കവും പഠിപ്പിക്കും.
♦ നല്ല ഉറക്കം: പതിവായ നീന്തൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
♦ സാമൂഹിക ബന്ധങ്ങൾ: നീന്തൽ ക്ലാസുകളിലൂടെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
♦ രക്ഷാപ്രവർത്തനങ്ങൾക്ക്: പ്രളയം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നീന്തൽ കഴിവ് ആവശ്യമാണ്.
♦ ആജീവനാന്ത കഴിവ്: ഒരിക്കൽ പഠിച്ചാൽ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന ഒരു കഴിവാണ് നീന്തൽ.
വേണം ശരിയായ പരിശീലനം
♦ അടിസ്ഥാന നീന്തൽ കഴിവുകൾ: വെള്ളത്തിൽ നിൽക്കാനും ശ്വാസമെടുക്കാനും മുന്നോട്ടു നീങ്ങാനും പഠിക്കുക.
♦ ജലത്തിൽ ഭയം കുറയ്ക്കുക: വെള്ളവുമായി ഇണങ്ങിച്ചേരാനും ഭയം ഇല്ലാതാക്കാനും സഹായിക്കുന്ന പരിശീലനം.
♦ രക്ഷാപ്രവർത്തനത്തിനുള്ള അറിവ്: അപകടത്തിൽപെടുന്ന ഒരാളെ എങ്ങനെ സുരക്ഷിതമായി രക്ഷിക്കാമെന്നും സ്വയം എങ്ങനെ സുരക്ഷിതനായിരിക്കാമെന്നും പഠിക്കുക. ഇതിൽ ഡൈവിംഗ്, നീന്തൽ സാമഗ്രികൾ ഉപയോഗിക്കാനുള്ള കഴിവ്, പ്രഥമശുശ്രൂഷ, സിപിആർ എന്നിവയും ഉൾപ്പെടുന്നു.
♦ അടിയന്തര സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള കഴിവ്: ചുഴികളിൽ അകപ്പെട്ടാൽ, ശക്തമായ ഒഴുക്കിൽപ്പെട്ടാൽ, ബോധം നഷ്ടപ്പെട്ടാൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള സാങ്കേതികവിദ്യകൾ പഠിക്കുക.
♦ ജലസുരക്ഷാ ബോധവത്കരണം: അപകടകരമായ ജലാശയങ്ങൾ തിരിച്ചറിയാനും, സുരക്ഷാ മുൻകരുതലുകൾ എടുക്കാനും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും പഠിക്കുക.
♦ സാങ്കേതികവിദ്യയുടെ ഉപയോഗം: ജലാശയങ്ങളിലെ അപകടസാധ്യതാ മുന്നറിയിപ്പുകൾ നൽകുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായം തേടുക. (വെള്ളത്തിന്റെ ഒഴുക്ക്, ആഴം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ആപ്പുകളിലൂടെ ലഭ്യമാക്കുക).
♦ സുരക്ഷാ ഓഡിറ്റ്: പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ജലാശയങ്ങളിലും (കുളങ്ങൾ, പുഴക്കടവുകൾ, നീന്തൽക്കുളങ്ങൾ) കൃത്യമായ സുരക്ഷാ ഓഡിറ്റുകൾ നടത്തി അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക.